കൊല്ലം: സമ്പൂർണ ഹെൽമെറ്റ് സാക്ഷരത നേടിയ ജില്ലയിലെ ആദ്യ സ്കൂളായി അഞ്ചാലുംമൂട് സർക്കാർ എച്ച്എസ്എസ്. ഇരുചക്രവാഹന യാത്രയിൽ കുട്ടികളും ഹെൽമെറ്റ് ധരിക്കണമെന്ന അവബോധം വളർത്തുന്നതിന് ജില്ലാ ശിശുക്ഷേമ സമിതി ആവിഷ്കരിച്ച ‘കുട്ടികൾക്കും വേണം ഹെൽമെറ്റ്' പദ്ധതിയുടെ ഭാഗമായാണ് അഞ്ചാലുംമൂട് സർക്കാർ എച്ച്എസ്എസിലെ കുട്ടികൾക്ക് 1000 ഹെൽമെറ്റുകൾ കൈമാറിയതും സമ്പൂർണ ഹെൽമെറ്റ് സാക്ഷരത നേടിയ സ്കൂളായി പ്രഖ്യാപിച്ചതും.
സ്കൂളിൽ സംഘടിപ്പിച്ച സമ്പൂർണ ഹെൽമെറ്റ് സാക്ഷരത പ്രഖ്യാപനച്ചടങ്ങ് ജില്ലാ കളക്ടർ ആനി ജൂല തോമസ് ഉദ്ഘാടനം ചെയ്തു. ഓരോ കുഞ്ഞും രാഷ്ട്ര ത്തിന്റെ സമ്പത്താണെന്നും അവരെ സംരക്ഷിക്കാൻ നമുക്ക് ഉത്തരവാദിത്തവും ബാധ്യതയുമുണ്ടെന്നും കളക്ടർ പറഞ്ഞു.
കുഞ്ഞു ജീവനാണ്, നമുക്ക് സംരക്ഷിക്കേണ്ടതുണ്ട്, ഞങ്ങൾക്കെല്ലാം ഹെൽമെറ്റ്' എന്ന സന്ദേശവുമായാണ് ശിശുക്ഷേമ സമിതി കാമ്പയിൻ സംഘടിപ്പിച്ചത്. ബിജു ആർ. നായർ ചടങ്ങിൽ അധ്യക്ഷനായി. ജോയിന്റ് ആർടിഒ ആർ ശരത് ചന്ദ്രൻ ഹെൽമെറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച റാലി എസിപി എസ്.ഷാജി ഫ്ലാഗ് ഓഫ് ചെയ്തു.
ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി ഡി.ഷൈൻ ദേവ് പദ്ധതി വിശദീകരിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ബി. കൃഷ്ണകുമാർ, ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ഷീബ ആന്റണി, എൻ.അജിത് പ്രസാദ്, കറവൂർ എൽ.വർഗീസ്, ആർ.മനോജ്, ബിന്ദു പ്രകാശ്, എസ്.ഷെമി, ഷംനാർ, ഡെപ്യൂട്ടി എച്ച്എംഎസ് ജിജ, ജി. രശ്മി, ഫിലോമിന സെൽവൻ എന്നിവർ പങ്കെടുത്തു.